ഗർഭകാലം-ഒരു ജീവൻ മാറ്റൊരു ജീവന് ജന്മം നൽകാൻ തയ്യാറെടുക്കുന്ന അത്ഭുത കാലയളവ്. മാതൃത്വത്തിലേക്കുള്ള ഒരു സ്ത്രീയുടെ യാത്ര അത്ര എളുപ്പമല്ലെങ്കിലും അത് ആസ്വദിക്കാനാണ് അവൾ ശ്രമിക്കാറ്.
ഗർഭകാലത്ത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം ഒരുപോലെ പ്രധാനപ്പെട്ടതാണ്. 2-3% സ്ത്രീകളിൽ ഗർഭകാലത്ത് കുഞ്ഞിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം കരുതൽ ഈ കാലഘട്ടത്തിൽ കൊടുക്കേണ്ടതുണ്ട് .
ആദ്യ ട്രിമെസ്റ്റർ മുതൽ തന്നെ ചെക്കപ്പുകൾ, ഭക്ഷണം, മരുന്നുകൾ എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്‌ടർമാർ നിർദ്ദേശിക്കാറുണ്ട്. അതിൽ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് സ്കാനിംഗ്. പൊതുവെ മൂന്നോ നാലോ സ്കാനിംഗ് പല മാസങ്ങളിലായി ഒരു ഗർഭിണിക്ക് നടത്താറുണ്ട്. ഗർഭസ്ഥ ശിശുവിനു ഏതെങ്കിലും തരത്തിൽ കുഴപ്പങ്ങളുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്തുവാൻ വേണ്ടിയാണ് ഇവ ചെയ്യാറ്.
സ്കാനിങ്ങുകളിൽ സുപ്രധാനമായ ഒന്നാണ് അനോമലി സ്കാനിംഗ് അഥവാ TIFFA സ്കാനിംഗ്.
അനോമലി സ്കാനിംഗിനെ കുറിച്ച് കൂടുതൽ അറിയുവാൻ തുടർന്നു വായിക്കൂ.
എന്താണ് അനോമലി സ്കാനിംഗ് അഥവാ TIFFA സ്കാനിംഗ്?
മറ്റ് സ്കാനിങ്ങുകൾ പോലെ തന്നെ ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നു തന്നെയാണ് അനോമലി സ്കാനിംഗ്. ഇതിനു TIFFA (ടാർഗെറ്റഡ് ഇമേജിങ് ഫോർ ഫീറ്റസ് അനോമലീസ്) സ്കാൻ, ലെവൽ II സ്കാൻ, 20-വീക്ക് അൾട്രാസൗണ്ട് സ്കാൻ എന്നും പേരുകളുണ്ട്.
എന്നാൽ അനോമലി സ്കാനിങ്ങിനെ വ്യത്യസ്തമാക്കുന്നത് ഇത് കുട്ടിയുടെ അവയവങ്ങളും രൂപവും അടുത്ത് കാണാൻ സഹായിക്കുന്നു എന്നതാണ്. സാധരണയായി ഗർഭകാലത്തിന്റെ 18-20 ആഴ്ച്ചകൾക്കിടയ്ക്കാണ് അനോമലി ചെയ്‌യാറ്, അതായത് രണ്ടാം ട്രിമെസ്റ്ററിൽ. കാരണം, ഈ കാലയളവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങളും ആന്തരീകാവയവങ്ങളും 90% വും വളർച്ചപ്രാപിച്ചിട്ടുണ്ടാവുക .
അനോമലി സ്കാനിങ്ങിലൂടെ എന്തെല്ലാം കാര്യങ്ങൾ അറിയാൻ സാധിക്കും?
ഗർഭസ്ഥ ശിശുവിൻ്റെ ശാരീരിക വികാസം, വളർച്ച , സ്ഥാനം, വൈകല്ല്യങ്ങൾ എന്നിവ വളരെ സൂക്ഷ്‌മമായിത്തന്നെ അനോമലി സ്കാനിങ്ങിലൂടെ കണ്ടെത്താനാകും. ഡൗൺ സിൻഡ്രോം പോലെയുള്ള അസുഖങ്ങളും അതുപോലെ ജന്മനാ ഉള്ള ഹൃദ്രോഗങ്ങളും 50%വും ഇത്തരം സ്കാനിങ്ങിലൂടെ അറിയാൻ കഴിയും.
- കുഞ്ഞിന്റെ തലച്ചോറ് വളരെ അടുത്ത് കാണുവാൻ സാധിക്കുന്നു. ഇതുമൂലം തലച്ചോറിൽ ഉണ്ടാകുന്ന അസാധാരണമായ വളർച്ചകളും മറ്റും അനോമലി സ്കാനിങ്ങിലൂടെ നമുക്ക് തിരിച്ചറിയാം.
- നാഡീവ്യൂഹങ്ങൾ, ചെറുനാഡികൾ, എല്ലുകൾ എന്നിവയുടെ നിരീക്ഷണം എളുപ്പമാക്കുന്നു.
- ഗർഭസ്ഥ ശിശുവിൻ്റെ വിരലുകൾ, കൈകാലുകൾ, ഇവയിലെ ചെറു അസ്ഥികൾ പോലും അടുത്ത് കാണാൻ കഴിയുന്നതുകൊണ്ട് എന്തെങ്കിലും വൈകല്ല്യങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് വളരെ നേരത്തെ കണ്ടെത്താൻ സാധിക്കും.
- കുഞ്ഞിന്റെ കിഡ്നി പ്രവർത്തനം, മൂത്രവിസർജനം എന്നിവ നോർമൽ ആണോ എന്നും നോക്കാൻ കഴിയും.
- കുട്ടിയുടെ വയറിലും ആന്തരീകാവയവങ്ങളിലും പ്രശ്നങ്ങളുണ്ടോ എന്നു കാട്ടിത്തരുന്നു.
- അമ്മയുടെ വയറ്റിൽ കുഞ്ഞ് യഥാസ്ഥാനത്തു തന്നെയാണോ എന്ന് അനോമലി സ്കാനിംഗ് വെളിപ്പെടുത്തി തരുന്നു. കുഞ്ഞിന്റെ സ്ഥാനം മാറുന്നത് സുഖപ്രസവത്തിന് തടസ്സമായേക്കാം എന്ന സാഹചര്യത്തിൽ സിസേറിയൻ വേണ്ടി വരുമോ എന്ന് മുൻകൂട്ടി അറിയാനും ഇത്തരം സ്കാനിംഗ് സഹായിക്കുന്നു.
സ്കാനിങ്ങിൽ ഗർഭസ്ഥ ശിശുവിനു എന്തെങ്കിലും കാര്യമായ തകരാറുകൾ കണ്ടുപിടിക്കുകയാണെങ്കിൽ അതിനു തക്കതായ മരുന്നുകളോ, മാർഗങ്ങളോ, ചികിൽസകളോ ഡോക്ടർമാർക്ക് നിർദ്ദേശിക്കാൻ സാധിക്കുകയും ചെയ്യും.
അനോമലി സ്കാൻ വേദനാജനകമാണോ?
അനോമലി സ്കാൻ മറ്റ് അൾട്രാസൗണ്ട് സ്കാനിങ്ങുകൾ പോലെ തന്നെയാണ് എടുക്കുന്നത്. ഇത് തികച്ചും വേദനരഹിതമാണെന്നുമാത്രമല്ല ഗർഭിണിക്ക് റിലാക്സ് ചെയ്ത് ചെയ്യാൻ കഴിയുന്ന ഒന്നുകൂടിയാണ്. സ്കാനിംഗ് ചെയ്യുന്നത് വളരെ പരിചയസമ്പത്തുള്ള റേഡിയോളജിസ്റ്റ് ആയിരിക്കും. അൾട്രാസൗണ്ട് സ്കാനുകൾ ഭ്രൂണത്തിനോ, ഗർഭിണിക്കോ, കുട്ടികൾക്കോ, മുതിർന്നവർക്കോ ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അനോമലി സ്കാൻ ഒരു അൾട്രാസൗണ്ട് സ്കാൻ ആയതിനാൽ ഇത് തികച്ചും സേഫ് ആണ്. ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ മാത്രമേ പരാമാവധി അനോമലി സ്കാനിങ്ങിനു എടുക്കുകയുള്ളൂ.
അനോമലി സ്കാൻ റിപ്പോർട്ട്
വളരെ വിശദമായ അനോമലി സ്കാൻ റിപ്പോർട്ട് ആണ് നിങ്ങൾക്ക് ലഭിക്കുക. ഇതിൽ ഗർഭസ്ഥ ശിശുവിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും. കുഞ്ഞിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, അളവുകൾ, അമ്നിയോട്ടിക് ദ്രവത്തിന്റെ അളവ്, പ്ലാസന്റയുടെ സ്ഥാനം, കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിഗതികൾ, സൈസ്, വളർച്ച, വികാസം, ചെറുതുമുതൽ കാര്യമായിട്ടുള്ള വൈകല്യങ്ങൾ എന്നിവ അനോമലി സ്കാനിംഗ് റിപ്പോർട്ടിൽ റെക്കോർഡ് ചെയ്തിട്ടുണ്ടാകും.
സാധാരണഗതിയിൽ സ്കാനിംഗ് നടത്തിയ അതേ ദിവസമോ അതല്ലെങ്കിൽ പിറ്റേ ദിവസമോ ആയിരിക്കും അനോമലി സ്കാൻ റിപ്പോർട്ട് നിങ്ങൾക്ക് ലഭിക്കുക.
സംഗ്രഹം
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഭ്രൂണമാകുന്നത് മുതൽ ജന്മം കൊള്ളുന്നത് വരെയുള്ള യാത്ര അത്രമേൽ ശ്രദ്ധ കൊടുക്കേണ്ട ഒന്ന് തന്നെയാണ്. ആരോഗ്യമുള്ള അമ്മയ്‌ക്കേ അധികം ക്ലേശമൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരാൻ കഴിയൂ. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ച സമയാസമയങ്ങളിൽ ചെക്ക് ചെയ്യേണ്ടത് പരമപ്രധാനമാണ്. ശരിയായ മരുന്ന്, കൃത്യമായ ഡയറ്റ്, ചെക്കപ്പുകൾ, സ്‌കാനുകൾ, ഡോക്ടറുടെ നിർദ്ദേശങ്ങൾ എല്ലാം കൃത്യമായി പാലിക്കുക തന്നെ വേണം. അനോമലി സ്കാൻ അഥവാ TIFFA സ്കാൻ ഇതിൽ അത്യന്തം ശ്രദ്ധ നേടുന്നു. രണ്ടാം ട്രിമെസ്റ്ററിൽ, അതായത് 18 മുതൽ 20 ആഴ്ച്ചകളിൽ ചെയ്യുന്ന ഇത്തരം സ്കാനിങ്ങിലൂടെ കുട്ടിയുടെ വളർച്ചയും, ശരീരഭാഗങ്ങൾ, ആന്തരീകാവയവങ്ങൾ, എന്നിവ സസൂക്ഷ്മമം നിരീക്ഷിക്കാനും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അവ മുൻകൂട്ടി തിരിച്ചറിഞ്ഞു തക്കതായ ട്രീറ്റ്‌മെന്റുകൾ ചെയ്യാനും കഴിയും.
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ഒക്കെയാണ്. ഒരു ജീവനെ പരിപൂർണ ആരോഗ്യത്തോടെ ഗർഭത്തിൽ വഹിച്ച് ജന്മം നൽകുവാൻ തയ്യാറെടുക്കുന്ന ഈ കാലയളവിൽ അമ്മമാരുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണു KJK ഹോസ്പിറ്റലിന്റെ സുപ്രധാനമായ ധർമ്മങ്ങളിൽ ഒന്ന്. നാച്ചുറലായി ഗർഭം ധരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളെ അതിന് പ്രാപ്തമാക്കാനും, മാതൃത്വത്തിലേക്കുള്ള ഓരോ ചുവടും സുഗമമാക്കാനും KJK ഹോസ്പിറ്റലിലെ ഡോക്ടർമാർ നിങ്ങളെ സഹായിക്കും.
IUI, IVF, പുരുഷൻമാരിലെ വന്ധ്യതാ പ്രശ്നപരിഹാരങ്ങൾ, 20ൽ പരം ഫെർട്ടിലിറ്റി ചികിത്സകൾ, കോസ്മെറ്റോളജി, കാർഡിയോളജി, പ്രസവചികിത്സ, ജനിതക കൗൺസിലിംഗ്, കോൾപോസ്കോപ്പി, യൂറോളജി, പാത്തോളജി, ഡയറ്റീഷ്യൻ, എൻഡോക്രൈനോളജി, പൾമണോളജി തുടങ്ങിയവയിലും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം അത്യന്തം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങൾക് KJK ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.